ദില്ലി: ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരം നൽകി ജിയോയും എയര്‍ടെല്ലും വോഡഫോൺ-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന മുത്താണ് ഓഫറുമായി ബി എസ് എൻ എൽ . സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാന്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ താരിഫ് വർധനവ് ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദുരിതമായി. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലുമായി. എന്നാല്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കിലാണ് മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കുന്നത്. നിരക്ക് വര്‍ധിപ്പിച്ച ശേഷമുള്ള ജിയോ, എയര്‍ടെല്‍, വി പ്ലാനുകളേക്കാള്‍ എന്തുകൊണ്ടും സാമ്പത്തികമായി ഗുണകരമാണ് ഇത്. ഈ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപഭോക്താക്കളെ കാര്യമായി ആകര്‍ഷിക്കാനിടയുണ്ട്.
കൂടാതെ പുതിയ പ്ലാനും
സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിന് പിന്നാലെ ബിഎസ്എന്‍എല്‍ പുതിയൊരു റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയം. 249 രൂപയ്ക്ക് 45 ദിവസത്തേക്ക് ഇന്ത്യയിലെവിടെയും ഏതൊരു നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളും ആകെ 90 ജിബി ഡാറ്റയും (ദിവസവും 2 ജിബി) ഈ പാക്കേജില്‍ ലഭിക്കും. ഇതിനൊപ്പം ദിവസവും 100 സൗജന്യ എസ്എംഎസും ലഭിക്കും. അതേസമയം 249 രൂപ മുടക്കിയാല്‍ എയര്‍ടെല്ലില്‍ 28 ദിവസത്തേക്ക് 1 ജിബി വീതം ഡാറ്റയെ ലഭിക്കൂ. എന്നാല്‍ രാജ്യത്തിന്റെ മിക്കയിടത്തും സര്‍വീസ് ലഭ്യമാണെങ്കിലും ബിഎസ്എന്‍എല്ലിന് 4ജി കണക്റ്റിവിറ്റി കുറവാണ്. അതേസമയം എയര്‍ടെല്ലും ജിയോയും വിഐയും 5ജി നല്‍കുന്നുമുണ്ട്.