ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലെ സീറോ- മലബാര്‍ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂര്‍ത്തിയാവുന്നതിന്റെ നിര്‍വൃതിയിലാണ് വിശ്വാസ സമൂഹം. ബ്രിസ്റ്റോള്‍ സീറോമലബാര്‍ സമൂഹത്തിന് കാല് നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെങ്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും ഇല്ലായിരുന്നു .
ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ നിന്നും മൂന്ന് മൈലുകള്‍ക്കുള്ളില്‍ ഹോര്‍ഫീല്‍ഡ് ഈഡന് ഗ്രോവിലാണ് മനോഹരമായ ദൈവാലയവും തൊട്ടുചേര്‍ന്ന് നാല് ബെഡ് റൂമുകളോടുകൂടിയ പള്ളിമേടയും ഒരുക്കിയത്. ഒരേക്കറില്‍ പരം വിസ്തൃതിയില്‍ രണ്ടു കാര്‍ പാര്‍ക്കുകളും മതപഠന ക്ലാസ്സുകള്‍ക്കുള്ള അനക്സസുമുണ്ട്. കൂടാതെ വിശാലമായ ഇലക്ട്രിഫൈഡ് സ്റ്റേജോടു കൂടിയ പാരിഷ് ഹാള്‍ ആയിരത്തില്‍ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയുക്തമാവും.
സീറോ- മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യത്തില്‍ സഭാതലവന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും. നാളെ ബുധനാഴ്ച വൈകുന്നേരം നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും സന്തോഷം പങ്കിടുവാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും പാരിഷ് കൗണ്‍സിലും അറിയിച്ചു.
വെഞ്ചരിപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മോടിപിടിപ്പിക്കലും പൗരസ്ത്യ സുറിയാനി രീതിയിലുളള മദ്ബഹാ ക്രമീകരങ്ങളും പൂര്‍ത്തിയാകുന്നതോടൊപ്പം പരിസര ശുചീകരണ പ്രവര്‍ത്തികളും നടന്നു വരികയാണ്.