ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അതിഥി തൊഴിലാളി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം. മദ്യലഹരിയിലായിരുന്ന ആസാം സ്വദേശി നൂറുൽ ആദം (47) ആണ് പിടിയിലായത്. അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിന് നേരയാണ് അതിക്രമം ഉണ്ടായത്.
ഇന്ന് രാത്രി ഏഴര മണിയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ഇരുവർക്കും പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കവേ തടഞ്ഞപ്പോഴാണ് മുത്തശ്ശിക്ക് പരിക്കേറ്റത്. പിടിവലിയിലാണ് കുഞ്ഞിന് പരിക്കുപറ്റിയത്. നാട്ടുകാർ അക്രമിയെ തടഞ്ഞുവച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.