ആലപ്പുഴ∙ രാമങ്കരി വേഴപ്രയിൽ അർധരാത്രി വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമായി കടന്ന പ്രതി പിടിയിലായെന്നു വിവരം. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിനും യുവതിയുമാണ് പിടിയിലായത്. കോയമ്പത്തൂർ തിരുപ്പൂരിൽ നിന്നുമാണ് ഇരുവരും പിടിയിലായത്.
വേഴപ്ര സ്വദേശിയായ പുത്തൻപറമ്പിൽ ബൈജുവിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ബൈജുവിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണു സുബിൻ. സംഭവത്തിനു പിന്നാലെ യുവതിയെയും സുബിനെയും കാണാതായിരുന്നു.
സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കുറച്ചു ദിവസമായി ബൈജുവിനൊപ്പമാണു താമസിച്ചിരുന്നത്. ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരുക്കേൽപിച്ചശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.