ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു. ആദ്യദിനം മുതൽ തന്നെ ഗംഭീര പ്രേഷക – നിരൂപക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം, ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ആക്ഷൻ ചിത്രമാണെന്ന അഭിപ്രായമാണ് ഓരോ പ്രേക്ഷകരും പങ്ക് വെക്കുന്നത്.
ഓണ ദിനങ്ങളിൽ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് തിരക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ഓണം ആഘോഷങ്ങളുടെ മാറ്റ് കൂട്ടുകയാണ്. 80 ശതമാനവും കടലിൽ ചിത്രീകരിച്ച ‘കൊണ്ടൽ’ ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്.
കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും വമ്പൻ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന വി എഫ് എക്സ് നിലവാരവും ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ ഒരു മാസ് എൻ്റർടൈൻമെൻ്റ് ആക്കുന്നുണ്ട്.
ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു എന്നിവരും ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ദീപക് ഡി മേനോൻ ഒരുക്കിയ കടൽ ദൃശ്യങ്ങളും ഈ ആക്ഷൻ ത്രില്ലറിനെ പ്രേക്ഷക പ്രിയമാക്കുന്നുണ്ട്. സംവിധായകൻ അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.