കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിലും ആലപ്പുഴയിലും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പട്ടാണിക്കൂപ്പ് മാവേലിപുത്തൻ പുരയിൽ ജിൻസണെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾ ഒരു വർഷത്തോളമായി സസ്പെൻഷനിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വാതിലടച്ച് മുറിക്കുള്ളിലേക്ക് പോയ ജിൻസൺ വൈകുന്നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കളെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ആലപ്പുഴയിലും സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സജീഷിനെയാണ് കൈനടിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്ന് പൊലീസുകാരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്.