അമ്പലപ്പുഴ(ആലപ്പുഴ): ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാഡോക്ടറെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തകഴി പടഹാരം ശശിഭവനത്തിൽ ഷൈജു (39) ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ, അത്യാഹിതവിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിക്കു നേരേയാണ് ആക്രമണമുണ്ടായത്.
തിരുവോണദിവസം വൈകുന്നേരം 6.30 -നായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിൽവെച്ച് വീണുപരിക്കേറ്റ നിലയിലാണ് യുവാവിനെ ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിച്ചത്. കണ്ണിനുമുകളിൽ നെറ്റിയിലെ മുറിവിൽ തുന്നലിടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ രണ്ടുമൂന്നുതവണ ഡോക്ടറുടെ കൈ തട്ടിമാറ്റി. വീണ്ടും തുന്നലിടാൻ ശ്രമിച്ചപ്പോൾ ഡോക്ടറുടെ കൈപിടിച്ചു തിരിക്കുകയായിരുന്നു. അസഭ്യം പറയുകയും ചെയ്തു.
ഡോക്ടറെ വീണ്ടും ആക്രമിക്കാൻ മുതിർന്നപ്പോൾ സുരക്ഷാജീവനക്കാരെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും യുവാവ് ഓടിരക്ഷപ്പെട്ടു. രാത്രി വീട്ടിലെത്തിയാണ് അമ്പലപ്പുഴ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രോഗി മദ്യലഹരിയിലായിരുന്നെന്ന് ഡോക്ടർ മൊഴിനൽകിയിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിഷനംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്.